*കൊണ്ടോട്ടി*: മണ്ണിലേക്കും കൃഷിയിലേക്കും പുതലമുറയെ തിരികെ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ ഇ.എം.ഇ.എ ഹയർ സെക്കൻഡറി സ്കൂൾ നല്ല പാഠം യൂണിറ്റിന്റെ ‘ഹരിതായനം’ പദ്ധതിക്ക് തുടക്കമായി.
സ്കൂൾ ഏറ്റെടുത്ത ഗ്രാമത്തിലെ കൃഷിയിടത്തിൽ വിത്ത് പാകിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. വാർഡ് കൗൺസിലർ ഫൗസിയ ഇഖ്ബാൽ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് കെ.ആർ. രോഹിണി അധ്യക്ഷത വഹിച്ചു.
പരമ്പരാഗത കാർഷിക വിജ്ഞാനവും ആധുനിക ശാസ്ത്രീയ കൃഷിരീതികളും സമന്വയിപ്പിച്ച് കാർഷിക മേഖല ശക്തിപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്കൂൾ ഏറ്റെടുത്ത സ്ഥലത്ത് കൃഷി ചെയ്ത് ഉത്പാദിപ്പിക്കുന്ന ജൈവ പച്ചക്കറികൾ ‘നല്ല പാഠം സ്റ്റോർ’ വഴി ഗ്രാമവാസികൾക്ക് കുറഞ്ഞ വിലയിൽ ലഭ്യമാക്കും.
കൃഷി, ജലസംരക്ഷണം, ശുചീകരണം, പരിസ്ഥിതി എഴുത്ത്, ആരോഗ്യം തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പ്രായോഗിക പരിശീലനം നൽകും. മഴക്കുഴി നിർമാണം, ജലസംരക്ഷണ ബോധവൽക്കരണ ലഘുലേഖ വിതരണം, കൃഷി ഉപകരണ നിർമാണ പരിശീലനം, ഊർജസംരക്ഷണത്തിന്റെ ഭാഗമായി സൈക്കിൾ യാത്ര തുടങ്ങിയ പ്രവർത്തനങ്ങളും പദ്ധതിയുടെ ഭാഗമാണ്.
മണ്ണും വെള്ളവും ഇല്ലാത്ത കൃഷി ഉൾപ്പെടെയുള്ള പുതിയ സാങ്കേതിക വിദ്യകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുമെന്ന് നല്ല പാഠം കോർഡിനേറ്റർ കെ.എം. ഇസ്മായിൽ മാസ്റ്റർ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ഏറ്റവും മികച്ച കാർഷിക വീടിനും മികച്ച കർഷകനും ‘നല്ല പാഠം ഹരിത ശ്രീ പുരസ്കാരം’ നൽകും.
വിദ്യാർത്ഥി കോർഡിനേറ്റർമാരായ ഒ. ശ്രാവണ പൗർണമി, കെ. സഞ്ജന, എം. ദേവ്ന, ടി. ഇശൽ ബഷീർ ,എ.മാളവിക,കെ.പി,സുബ്ഹാന,കർഷകൻ കെ.ബീരാൻ കുട്ടി,
എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സഞ്ജനയും ഇശൽ ബഷീറും സന്ദേശം നൽകി.




