വാഴക്കാട്: ചിങ്ങം ഒന്നിനോടനുബന്ധിച്ച് വാഴക്കാട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കർഷകദിനാചരണവും മികച്ച കർഷകരെ ആദരിക്കലും സംഘടിപ്പിച്ചു. വാഴക്കാട് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ആരിഫ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എം.കെ. നൗഷാദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൃഷിരംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ച കർഷകർക്കും സ്ഥാപനങ്ങൾക്കും ചടങ്ങിൽ ഉപഹാരങ്ങളും ആദരവും കൈമാറി.

ആമിന പൂണേലത്ത് (മികച്ച വനിതാ കർഷക), അബ്ദുള്ള മണ്ടകത്തിങ്ങൽ (മികച്ച നെൽക്കർഷകൻ), മൂസ ഹാജി കരുവാടി (മുതിർന്ന കർഷകൻ), വീരാൻകുട്ടി എളാംകുഴി (മികച്ച കർഷകത്തൊഴിലാളി), ശ്രീധരൻ അയ്യഞ്ചോല (മികച്ച എസ്.സി. കർഷകൻ), അബൂബക്കർ പള്ളിയാളി (മികച്ച ജൈവ കർഷകൻ), ബേബി ചാമക്കലായി (മികച്ച ക്ഷീര കർഷക), മുഹമ്മദ് ശാമിൽ പി.പി. (മികച്ച കുട്ടിക്കർഷകൻ) എന്നിവരെയും മികച്ച വിദ്യാലയമായി തിരഞ്ഞെടുത്ത ആക്കോട് വിരിപ്പാടം എ.എം.യു.പി. സ്കൂളിനെയും ചടങ്ങിൽ ആദരിച്ചു.
ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ സി.ഇ. മുംതാസ് ബീഗം, മുസ്തഫ വാഴക്കാട്, പുഷ്പ എം, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കാർഷിക വികസന സമിതി അംഗങ്ങൾ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിവിധ ബാങ്ക് പ്രതിനിധികൾ ആശംസകൾ നേർന്നു, മേഖലയിലെ നിരവധി കർഷകർ ചടങ്ങിൽ പങ്കെടുത്തു. കർഷകരുടെ ക്ഷേമത്തിനായി കൃഷിഭവൻ നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥർ ചടങ്ങിൽ വിശദീകരിച്ചു.




