*കൊണ്ടോട്ടി*: യു.ഡി.എഫ് സർക്കാറിന്റെ പ്രവാസി വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് കേരള പ്രവാസി സംഘം കൊണ്ടോട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.

പ്രവാസികൾ സമരങ്ങളിലൂടെ നേടിയെടുത്ത ക്ഷേമപെൻഷൻ, നോർക്ക കെയർ, നോർക്ക കെയർ പ്ലസ്, ലോക കേരള സഭ, NDPREM ഉൾപ്പെടെയുള്ള ക്ഷേമ-പുനരധിവാസ പദ്ധതികൾ അട്ടിമറിക്കുന്നതിലും പ്രവാസി പെൻഷൻ വിതരണം തടസ്സപ്പെടുത്തിയതിലും വിവിധ ധനസഹായ അപേക്ഷകൾ തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നതിലും പ്രതിഷേധിച്ചായിരുന്നു ധർണ്ണ.
നവംബർ 27, 28 തീയതികളിൽ സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിക്കുന്ന രാപ്പകൽ ഉപവാസ സമരത്തിന്റെയും നവംബർ 19ന് നടക്കുന്ന കലക്ടറേറ്റ് മാർച്ചിന്റെയും മുന്നോടിയായി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരമാണ് സമരം സംഘടിപ്പിച്ചത്.
കേരള പ്രവാസി സംഘം കൊണ്ടോട്ടി ഏരിയ വൈ: പ്രസിഡന്റ് പനക്കൽ കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ച സായാഹ്ന ധർണ്ണ, മലപ്പുറം ജില്ലാ പ്രസിഡന്റ് പി.സി. നൗഷാദ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഡോ. എ.പി.എ. ഫയാസ് സ്വാഗതവും ജോ: സെക്രട്ടറി അബ്ദുൽ കരീം നന്ദിയും പറഞ്ഞു. യുവജന പ്രസ്ഥാനത്തിന് വേണ്ടി അലി മുണ്ടപ്പലം അഭിവാദ്യമർപ്പിച്ചു.




