പുളിക്കൽ : ബഡ്‌സ് സ്കൂൾ നിർമ്മാണം, കുടിവെള്ള വിതരണം, ദാരിദ്ര്യ നിര്‍മാജനം, പശ്ചാത്തല സൗകര്യ വികസനം തുടങ്ങി നിരവധി മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ എടുത്ത് പറഞ്ഞ് പുളിക്കൽ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് സംഘടിപ്പിച്ചു. പുളിക്കൽ ലെ ഗ്രാൻഡ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പുളിക്കൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി ബേബി രജനി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വിനോദ് കുമാർ ഓലശ്ശേരി സ്വാഗതം പറഞ്ഞു പഞ്ചായത്ത് വികസന രേഖ അവതരിപ്പിച്ചു.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ പുളിക്കൽ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കി. ആദ്യ ഘട്ടത്തിൽ സർവ്വേ പൂർത്തിയാക്കിയ 8200 വീടുകൾക്ക് കുടിവെള്ളമെത്തിച്ച് പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം ഒരു പരിധി വരെ മാറ്റാന്‍ സാധിച്ചു. 37.50 ലക്ഷം രൂപ ചിലവഹിച്ച് വിഭിന്ന ശേഷിക്കാർക്കുള്ള സ്നേഹ ബഡ്‌സ് സ്കൂൾ നിർമാണം പൂർത്തീകരിച്ച് നാടിനു സമർപ്പിച്ചു. ബ്ലോക്ക് പഞ്ചയാത്ത് മെമ്പർ എം സലാഹിന്റെ വിഹിതമായി 10 ലക്ഷവും ഇതിൽ ഉൾപ്പെടുന്നു. 41 കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കി. ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആകെ 307 വീടുകൾക്ക് എഗ്രിമെന്റ് വെച്ചു പണിതുടങ്ങുകയും 257 വീടുകൾ പൂർത്തീകരിക്കുകയും ചെയ്തു. 38 ഹരിത കര്‍മ സേനാംഗങ്ങളെ ഉപയോഗിച്ച് ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യമാണ് ശേഖരിച്ച് കയറ്റി അയച്ചത്. 57 ബോട്ടില്‍ ബൂത്തുകളും 21 മിനി എം സി എഫുകളും സ്ഥാപിച്ചു. 100 ശതമാനം ഡിജിറ്റല്‍ സാക്ഷരത വഹിക്കാന്‍ പഞ്ചായത്തിന് സാധിച്ചു. സമ്പൂർണ ശുചിത്വ പഞ്ചായത്ത് ആക്കി മാറ്റാൻ കഴിഞ്ഞു. മറ്റ് പാശ്ചാത്തല വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 30 കോടി രൂപയോളമാണ് പഞ്ചായത്ത് ഭരണ സമിതി ചെലവഴിച്ചത്. ഫാമിലി ഹെൽത്ത് സെന്ററിന് പുതിയ ബ്ലോക്ക്,ടേക്ക് എ ബ്രേക്ക് ഷെൽട്ടറുകൾ, വയോജന പാർക്കുകൾ, ആയുർവേദ ഡിസ്പെന്സറിക്ക് പുതിയ കെട്ടിടവും, പുതിയ ബ്ലോക്കിന് തറക്കല്ലിടൽ കർമവും നടത്തി. വാട്ടർ എ ടി എമ്മുകൾ, കർഷകർക്ക് സൗരവേലി തുടങ്ങി ഒട്ടേറെ പ്രവര്‍ത്തനങ്ങളും ഗ്രാമപഞ്ചായത്ത് നടപ്പിലാക്കി. തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രകടനം നടത്തി ജില്ലയിൽ തന്നെ മികച്ച പഞ്ചായത്തുകളിൽ ഒന്നാവാൻ പുളിക്കൽ ഗ്രാമപഞ്ചായത്തിന് കഴിഞ്ഞു.

പരിപാടിയില്‍ ബ്ലോക്ക് മെമ്പർ എം സലാഹ്, സ്ഥിരം സമിതി ചെയര്‍പേഴ്സൺമാരായ കെ ടി സുഹ്‌റ ചേലാട്ട് , സിദ്ധീഖ് കോന്തേടൻ, മറ്റു മെമ്പർമാർ,ജനപ്രതിനിധികള്‍,നിർവഹണ ഉദ്യോഗസ്ഥർ,ആസൂത്രണ സമിതി അംഗങ്ങൾ, ഹരിത കർമ്മ സേന അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.




