വാഴക്കാട്: കർഷക ദിനത്തിൽ കാർഷിക മേഖലയ്ക്ക് ഉണർവേകുന്ന പ്രഖ്യാപനവുമായി വാഴക്കാട് ഗ്രാമപഞ്ചായത്ത്. നെൽകൃഷി വ്യാപിപ്പിക്കുന്നതിനായി കർഷകർക്ക് പ്രത്യേക ധനസഹായം നൽകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കറ്റ് എം.കെ. നൗഷാദ് അറിയിച്ചു.
നിലവിൽ വാഴകൃഷിക്ക് ഉപയോഗിക്കുന്ന ഭൂമിയിൽ നെൽകൃഷി ചെയ്യാൻ തയ്യാറാകുന്ന കർഷകർക്കാണ് ഈ സഹായം ലഭിക്കുക. നെൽകർഷകർക്ക് സർക്കാർ, കൃഷിവകുപ്പ് എന്നിവയിൽനിന്ന് ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങൾക്ക് പുറമെയാണിത്. തരിശുഭൂമിയിൽ നെൽകൃഷി ചെയ്യുന്നവർക്ക് വിവിധ സബ്സിഡികൾ നൽകുന്നുണ്ടെങ്കിലും, വാഴക്കൃഷി മാറ്റിവെച്ച് നെൽക്കൃഷി ചെയ്യുന്നവർക്ക് പ്രത്യേക സഹായം നൽകുന്ന പഞ്ചായത്തിന്റെ ഈ തീരുമാനം ശ്രദ്ധേയമാണ്.
നെൽകൃഷിയെ പ്രോത്സാഹിപ്പിക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള ഈ പദ്ധതി കർഷകർക്ക് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തെ മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും മാതൃകയാക്കാവുന്ന പ്രഖ്യാപനമായി അഡ്വ എം കെ നൗഷാദ്, ഷമീന സലീം, പി കെ റഫീഖ് അഫ്സൽ, ആയിഷ മാരാത്ത്, സി കെ റഷീദ് ഉൾപ്പടെ നേതൃത്വം നൽകുന്ന വാഴക്കാട് ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ ഈ തീരുമാനം മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.




