പുളിക്കൽ : ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ ആവിർഭാവത്തോടെ വിദ്യാഭ്യാസ രംഗം പുത്തൻ വഴിത്തിരിവുകളിലേക്ക് കടന്നുപോകുന്ന ഈ കാലഘട്ടത്തിൽ മാറ്റങ്ങൾക്കനുസൃതമായി നൈപുണി പരിശീലനത്തിന് പ്രാധാന്യം നൽകി കൂടൂതൽ പ്രായോഗിക പരിജ്ഞാനം സ്വായത്തമാക്കിയ വിദ്യാർഥി തലമുറയെ വാർത്തെടുക്കാൻ സാധിക്കണമെന്ന് ഡൽഹി ജവഹർലാൽ നെഹ്റു കേന്ദ്ര സർവകലാശാല സെൻറർ ഫോർ അറബിക് ആൻഡ് ആഫ്രിക്കൻ സ്റ്റഡീസ് പ്രൊഫസർ ഡോ. ഉബൈദുർറഹ്മാൻ അഭിപ്രായപ്പെട്ടു. പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജ് പുതുതായി പ്രവേശനം നേടിയ ഡിഗ്രി, പിജി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച സപ്തദിന ഇൻഡക്ഷൻ പ്രോഗ്രാമിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സാക്ഷരതയെയും സാക്ഷ്യപത്രങ്ങളെയും സാർഥകമാക്കുന്ന പ്രകടന ശേഷി വളർത്താനും പഠനത്തെ ജീവസുറ്റതാക്കാനും പരിശീലനം അനിവാര്യമാണ്. പാഠപുസ്തകങ്ങൾക്കപ്പുറത്തുള്ള ലോകത്തെ അനുഭവങ്ങളുടെ വെളിച്ചത്തിൽ വിലയിരുത്തുന്ന തലമുറയാണ് കാലത്തിൻ്റെ തേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രിൻസിപ്പൽ പ്രൊഫ. ഡോ. ബഷീർ മാഞ്ചേരി ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകൾക്ക് ഡോ. ടി കെ യൂസുഫ്, ഡോ. മുനീർ മദനി, ഡോ. സാബിർ നവാസ് സി എം, ഡോ. മുഹമ്മദ് ബഷീർ സി കെ, ഡോ. മുഅ്തസിം ബില്ലാ ടി പി, ഡോ. മുഹമ്മദ് അമാൻ കെ, യമനിലെ അൽ മഹ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസിലെ ഇംഗ്ലീഷ് വിഭാഗം ഹസൻ മേധാവി മുഹമ്മദ് ഹസ്സൻ, ഡോ. സൈഫുദ്ദീൻ ബഷീർ, ഡോ. സഫീന എ കെ, ഇബ്രാഹിം പി കെ, സഈദ പി, ഡോ. മുഹമ്മദ് ഫൈസുദ്ദീൻ, ഡോ. നിഷാദലി വി, മുഹ്സിന പി വി, അഫ്സൽ എം ടി, നവാസ് കൊളത്തിക്കൽ, ഹഫ്സത്ത് ഉടുമ്പ്ര, റമീസ് പി കെ, അഫ്സൽ മാഹീൻ, റഹീബ് ടി, ഫർസാന കെ നേതൃത്വം നൽകും. പുതിയ അധ്യയന ജീവിതത്തിന് മന:ശാസ്ത്രപരമായ ഒരുക്കം നടത്താനും പഠനം എന്നത് പടവുകൾ കയറിയെത്തുന്ന പ്രയാണം തന്നെയാണെന്ന തിരിച്ചറിവ് നേടാൻ സഹായിക്കുന്നതുമായ സെഷനുകളായാണ് ഒരാഴ്ച നീണ്ടുനിൽക്കുന്ന ഇൻഡക്ഷൻ പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
നൈപുണി പരിശീലനത്തിന് പ്രാധാന്യം നൽകണം; പ്രൊഫ ഡോ. ഉബൈദുർറഹ്മാൻ




