കൊണ്ടോട്ടി: “പുസ്തകങ്ങളാണ് നമ്മുടെ ഏറ്റവും നല്ല കൂട്ടുകാർ. വായനയിലൂടെ അറിവ് നേടുകയും ജീവിതത്തിൽ അച്ചടക്കം പാലിക്കുകയും ചെയ്യുന്നവർക്ക് വിജയം തേടിയെത്തും” എന്ന് ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ IPS പറഞ്ഞു.

ഇ.എം.ഇ.എ ഹയർ സെക്കന്ററി സ്കൂളിൽ ഐ.എ.എസ് ലക്ഷ്യമാക്കി വിദ്യാർത്ഥികളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആറു വർഷത്തിലേറെയായി പ്രവർത്തിച്ചുവരുന്ന സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ് (ബി.ഐ.എ.എസ്)-ന്റെ പുതിയ ബാച്ച് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ.
വിജയങ്ങൾ ആഘോഷിക്കുന്നതോടൊപ്പം തോൽവികളിൽ നിന്ന് പാഠം ഉൾക്കൊണ്ട് മുന്നേറാനും പുതിയ തലമുറ തയ്യാറാകണമെന്ന് ചൈത്ര തെരേസ ജോൺ അഭിപ്രായപ്പെട്ടു. തെറ്റുകൾ തിരുത്താനും ജീവിതത്തിൽ അച്ചടക്കം പാലിക്കാനും തയ്യാറാകുന്നവർക്കാണ് ഭാവിയിൽ മികച്ച വിജയങ്ങൾ കൈവരിക്കാൻ സാധിക്കുകയെന്നും അവർ കൂട്ടിച്ചേർത്തു.
പ്രിൻസിപ്പൽ കെ. ശ്യാം അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക രോഹിണി കെ.എസ് ആമുഖപ്രഭാഷണം നടത്തി.
ചടങ്ങിൽ എൻ.എം.എം.എസ്., എസ്.എ. ഫൗണ്ടേഷൻ പരീക്ഷകളിലെ വിജയികൾക്കും ഹരിത വിദ്യാലയം റിയാലിറ്റി ഷോ വിജയികൾക്കും ജില്ലാ പോലീസ് മേധാവി ഉപഹാരങ്ങൾ വിതരണം ചെയ്തു.
പി.ടി.എ പ്രസിഡന്റ് പി.ഡി. ഹനീഫ, വാർഡ് കൗൺസിലർ ഫൗസിയ ഇഖ്ബാൽ, സ്റ്റാഫ് സെക്രട്ടറി സയ്യിദ് സമാൻ, എസ്.ആർ.ജി. കൺവീനർ എം. നശീദ, പദ്ധതി കോ-ഓർഡിനേറ്റർമാരായ ജാബിർ അൻസാരി, മുർഷിദ, കെ.എം. ഇസ്മായിൽ, ബീഗം, സഫാന ഫാത്തിമ, സമീർ മാസ്റ്റർ, കെ. ബേബി ബർറത്ത് ടീച്ചർ എന്നിവർ പ്രസംഗിച്ചു.




