എടവണ്ണപ്പാറ: വാഴക്കാട് ഗ്രാമപഞ്ചായത്ത് പരിധിയിലെ കയ്യേറ്റങ്ങളും അനധികൃത നിർമ്മാണങ്ങളും ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഭരണസമിതി നടത്തുന്ന തുടർനടപടികൾക്ക് സർവ്വകക്ഷി യോഗത്തിന്റെ പൂർണ്ണ പിന്തുണ. എടവണ്ണപ്പാറ മമത ഗ്രാൻഡ് സിറ്റിയിൽ ചേർന്ന യോഗത്തിലാണ് പഞ്ചായത്തിന്റെ വികസനവും പൊതുസുരക്ഷയും മുൻനിർത്തിയുള്ള നടപടികളുമായി മുന്നോട്ട് പോകാൻ ഐകകണ്ഠ്യേന തീരുമാനമായത്.
നാടിന്റെ സുഗമമായ വികസനത്തിനും ജനങ്ങളുടെ സുരക്ഷിതത്വത്തിനും തടസ്സമാകുന്ന തരത്തിലുള്ള യാതൊരുവിധ നിയമലംഘനങ്ങളും അനുവദിക്കില്ലെന്ന ശക്തമായ നിലപാടിലാണ് ഭരണസമിതി. നിലവിൽ കണ്ടെത്തിയിട്ടുള്ള കയ്യേറ്റങ്ങൾ വിട്ടുവീഴ്ചയില്ലാതെ ഒഴിപ്പിക്കുന്നതിനും, അനധികൃത നിർമ്മാണങ്ങൾക്കെതിരെ നിയമപരമായ കർശന നടപടികൾ സ്വീകരിക്കുന്നതിനും യോഗത്തിൽ പങ്കെടുത്ത വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സംഘടനാ ഭാരവാഹികളും പിന്തുണ പ്രഖ്യാപിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ആരിഫ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ. എം.കെ. നൗഷാദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുസ്തഫ സ്വാഗതം ആശംസിച്ചു.
വിവിധ രാഷ്ട്രീയ-സാമൂഹിക പ്രസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് മോട്ടമ്മൽ മുജീബ് മാസ്റ്റർ, ജൈസൽ എളമരം, സി.വി. സക്കരിയ, ആർ.പി. ഹാരിസ്, രാജഗോപാലൻ മാസ്റ്റർ, ഷിബു അനന്തായൂർ, അബ്ദുലത്തീഫ് പറശ്ശീരി, വിശ്വൻ എടവണ്ണപ്പാറ, പുളിയേക്കൽ അബൂബക്കർ, കെ.എം റസാഖ്, സൽമാൻ പണിക്കരപ്പുറായ, യു.കെ. നാസർ എന്നിവരും; വ്യാപാരി പ്രതിനിധികളായ സി.വി. നൗഷാദ്, അഷ്‌റഫ്, മജീദ് മാക്സ്, അഷ്റഫ്, റിദാൻ അഷ്റഫ് എന്നിവരും ഗ്രാമപഞ്ചായത്ത് ധനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ പുഷ്പ എം., ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആയിഷ മാരാത്ത്, ഷമീന സലീം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.സി. മുത്തുകോയ തങ്ങൾ, മുനീർ പുളിയേക്കൽ, സി. ഭാസ്കരൻ മാസ്റ്റർ, കെ.വി. മുഹമ്മദ്, കരീം വെട്ടത്തൂർ, സജിത രാജേഷ്, ലീല രാധാകൃഷ്ണൻ, ചിത്ര മണ്ണറോട്ട്, നാരായണൻ മീനങ്ങോട്ട്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജിജി ബി., ഹെഡ് ക്ലർക്ക് സൈദ് അക്ബർ ബാദ്ഷാ ഖാൻ എന്നിവരും യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു.

നാടിന്റെ പൊതുതാത്പര്യം സംരക്ഷിക്കുന്നതിനായി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും കൈകോർക്കുമെന്നും, വരും ദിവസങ്ങളിൽ കൃത്യമായ നിയമപരിപാലനത്തോടെ ഒഴിപ്പിക്കൽ നടപടികളുമായി പഞ്ചായത്ത് ഔദ്യോഗികമായി മുന്നോട്ട് പോകുമെന്നും ഭരണസമിതി അറിയിച്ചു.




