പുളിക്കൽ; അദ്ധ്യാപനം കേവലം അക്ഷര പഠനത്തിലുപരി പരിസ്ഥിതി പരിരക്ഷണമാണെന്ന് കൂടി പ്രവർത്തിയിലൂടെ തെളിയിച്ച കെ ടി അലവിക്കുട്ടി മാസ്റ്ററെ കെ എസ് ടി യു കൊണ്ടോട്ടി ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കെ സി അബ്ദുറഹിമാൻ അലവിക്കുട്ടി മാസ്റ്ററെ പൊന്നാട അണിയിച്ചാദരിച്ചു . പ്രസിഡന്റ് എം ഡി അൻസാരി അധ്യക്ഷത വഹിച്ചു. പുളിക്കൽ എ എം എം എച്ച് എസിൽ ഇദ്ദേഹം നിർമ്മിച്ച ജൈവ വൈവിധ്യ തോട്ടത്തിലെത്തിയാണ് കെ എസ് ടി യു ഭാരവാഹികൾ അനുമോദനം നൽകിയത് .
പുളിക്കൽ എ എം എം എച്ച് സ്കൂളിലെ തരിശായി കിടന്ന അൻപത് സെന്റ് ഭൂമി ഇന്ന് ജൈവ വൈവിധ്യത്തിന്റെ കലവറയാണ്. വ്യത്യസ്തങ്ങളായ അൻപതിലധികം ഔഷധ സസ്യങ്ങൾ ഇവിടെ സംരക്ഷിക്കപ്പെടുന്നു. ഹിന്ദി അധ്യാപനത്തോടൊപ്പം പരിസ്ഥിതിയെ കൂടി അലവിക്കുട്ടി മാസ്റ്റർ പ്രണയത്തോടെ പരിചരിച്ചപ്പോൾ പുളിക്കൽ എ എം എം എച്ച് എസിൽ വളർന്നു പന്തലിച്ചത് ജില്ലയിലെ തന്നെ മികച്ചൊരു ഹരിത ഉദ്യാനമായിരുന്നു .
അദ്ദേഹം രൂപകല്പന ചെയ്ത വളർത്തിയെടുത്ത എക്കോ പാർക്കിൽആകർഷകമായ അനവധി ചിത്ര ശലഭങ്ങളാണ് വിരുന്നെത്തുന്നത് .വിദ്യാർത്ഥികൾക്ക് പ്രകൃതി സംരക്ഷണത്തിന്റെ ബലപാഠങ്ങൾ ഒരു വ്യാഴവട്ടമായി ഇവിടെ അനുഭവങ്ങളിലൂടെയാണ് പകർന്ന് നൽകുന്നത്. അയൽ പ്രദേശങ്ങളിലെ നിരവധി വിദ്യാലയങ്ങളിൽ നിന്ന് കുട്ടികൾ ഫല വൃക്ഷങ്ങൾ, ഔഷധ സസ്യങ്ങൾ ,പച്ചക്കറി വൈവിധ്യങ്ങൾ, കറിവേപ്പിലത്തോട്ടം , ശലഭോദ്യാനം എന്നിവ സന്ദർശിക്കാൻ എത്തുന്നു.
ഈ ഹരിതോദ്യാനത്തിൽ നിന്ന് ലഭിക്കുന്ന പച്ചക്കറി വിഭവങ്ങളും പഴങ്ങളും സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത് വരുന്നു. അധ്യാപനത്തോടൊപ്പം അലവിക്കുട്ടി മാസ്റ്റർ നേതൃത്വം നൽകുന്ന പ്രകൃതി സൗഹൃദ മാതൃകാ സേവനങ്ങൾ സഹ പ്രവർത്തകരും മാനേജ്മെന്റു നാട്ടുകാരും ഏറെ ആദരവോടെയാണ് നോക്കിക്കാണുന്നത്.
ചടങ്ങിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ പി ഫൈസൽ മാസ്റ്റർ, ബഷീർ തൊട്ടിയൻ ഉപജില്ലാ സെക്രട്ടറി നാസർ കണ്ണാട്ടിൽ, ഓർഗനൈസിംഗ് സെക്രട്ടറി യു കെ നാസർ, വിദ്യാഭ്യാസ ജില്ല ഭാരവാഹി നിഷാദ് , കെ എ റഫീഖ്, ഷാഹുൽ ഹമീദ്, എച്ച് എം ഷീജ പി, യൂണിറ്റ് പ്രസിഡൻ്റ് ടി പി മുസ്താഖ്, റഷ്നാസ് ഹസ്സൻ, നസ്രു ഏറിയാട്ട്, റിൻഷാദ്, ജുനൈദ് എം വി സാദിഖ്,അമൻ, മുബീന കെ എം ,സബ്‌ന പി എൻ ,ഷറീന, നിഷിയ, അസ്മാബി എന്നിവർ സംസാരിച്ചു.




