എടവണ്ണപ്പാറ : തദ്ദേശ തിരഞ്ഞെടുപ്പിന്റെ അവലോകനത്തിനായി വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി വിളിച്ചു ചേർത്ത ഭാരവാഹികളുടെ യോഗത്തിൽ അടിപിടി. മണ്ഡലം, ബ്ലോക്ക് ഭാരവാഹികളുടെ യോഗമാണ് തിങ്കളാഴ്ച വൈകുന്നേരം നാലിന് ജലാലിയ സ്‌കൂൾ ഹാളിൽ നടന്നത്. ചർച്ചയിൽ പങ്കെടുത്ത കിഴിഞ്ഞ ഭരണസമിതിയിലെ വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനായിരുന്ന സി.കെ. റഷീദ് സംസാരിക്കാൻ എഴുന്നേറ്റപ്പോൾ അധ്യക്ഷൻ വിലക്കിയതോടെയാണ് ബഹളവും അടിയും തുടങ്ങിയത്. നേതാക്കൾ ഇടപെട്ട് യോഗം വീണ്ടും തുടങ്ങിയെങ്കിലും പിന്നീടും കൈയാങ്കളിയിൽ അവസാനിക്കുകയായിരുന്നു.
കഴിഞ്ഞ ഭരണസമിതിയിലെ സ്ഥിരം സമിതി അധ്യക്ഷനായിരുന്ന തറമ്മൽ അയപ്പൻകുട്ടി അതെ വാർഡിൽത്തന്നെ മത്സരിച്ചിരുന്നു. എന്നാൽ 43 വോട്ടിനാണ് തോറ്റത്. തോൽവിക്കു കാരണം വാർഡിലെ മുതിർന്ന നേതാക്കളും കുടുംബവും ആണെന്നും അയപ്പൻകുട്ടി യോഗത്തിൽ തുറന്നടിച്ചതയാണ് പുറത്തുവരുന്ന വിവരം. കോൺഗ്രസ് ജയിച്ചു പോരുന്ന നാലാം വാർഡ് ചെറുവട്ടൂരിൽ മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആദം ചെറുവട്ടൂർ, പത്തൊമ്പതാം വാർഡ് നൂഞ്ഞിക്കരയിൽ അഡ്വ. സനുബിയ എന്നിവരുടെ തോൽവി പഠിക്കാൻ സമിതി രൂപവത്കരിക്കാൻ നോക്കിയെങ്കിലും അതും നടന്നില്ല. യോഗഹാളിലും പുറത്തും ഭാരവാഹികൾ തമ്മിൽ കൈയാങ്കളി തുടർന്നപ്പോൾ ജലാലിയ സ്കൂൾ ഭാരവാഹികൾ ഇടപെട്ട് കോൺഗ്രസ് നേതാക്കളെ പുറത്താക്കുകയായിരുന്നു.




