മൂത്ര ചൂരുള്ള കീറ പായയിൽ
ചുരുണ്ടു കൂടി കിടക്കുമ്പോൾ അവളുടെ കുഞ്ഞി കണ്ണു നിറയും
തനിച്ചാക്കി സ്വർഗ്ഗത്തിലേക്ക് ഒറ്റക്കൊരു പോക്ക് പോയ അമ്മയെ പഴിക്കും,
ചിറ്റമ്മയും അച്ഛനും സമ്മാനിച്ച
നോവിൻ്റെ മുറി പാടിൽ ചോര കിനിയും
അമ്മ പോയതിൽ പിന്നെ ഒരിക്കലും നിറയാത്ത വിശന്നൊട്ടിയ വയറ്പരിഭവം പറയും.
ആറു വയസിനിടക്ക് താൻ ചെയ്ത മഹാ അപരാധമെന്തന്നറിയാതെ
വേദന കൊണ്ട് പുളയും.
ഉട പിറന്നോൻ മാത്രം കനിവിൻ്റെ നോട്ടം നോക്കും.
അമ്മേടെ പൊന്ന് വായെന്നും പറഞ്ഞ് സ്വർഗ്ഗലോകത്തിൽ നിന്ന് അമ്മ ഇറങ്ങി വരും.
വേദനയില്ലാത്ത ലോകത്തിലേക്ക് അമ്മയുടെ വിരലിൽ തൂങ്ങിയവൾ മന്ദം നടന്നു നീങ്ങും…….
മുഹ്സിന വാഴക്കാട്..




