വാഴക്കാട്: കോഴിക്കോട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന മണന്തലക്കടവ് പാലം നിർമ്മാണം വേഗത്തിലാക്കാൻ ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി അംഗങ്ങൾ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നിവേദനം നൽകി.

കൊണ്ടോട്ടി എം.എൽ.എ. ടി.വി. ഇബ്രാഹിം, കുന്ദമംഗലം എം.എൽ എ പി.ടി.എ റഹീം എന്നിവർ മുഖേന തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തിൽ വെച്ചാണ് സംഘം മന്ത്രിയെ കണ്ടത്.
30 കോടി രൂപ എസ്റ്റിമേറ്റുള്ള മണന്തലക്കടവ് പാലത്തിൻ്റെ ഭരണാനുമതിക്കായി പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം സെക്രട്ടറിക്ക് നേരത്തെ ശുപാർശ നൽകിയിട്ടുണ്ട്. നിലവിൽ പാലത്തിൻ്റെ ഫയലുകൾ ധനകാര്യ വകുപ്പിൻ്റെ പരിഗണനയിലാണ്.
വാഴക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ :എം.കെ. നൗഷാദ്, കെ.എം. റഹ്മാൻ,( മുൻ വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ), മുജീബ് മാസ്റ്റർ, ( പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി) പനക്കൽ കുഞ്ഞഹമ്മദ്( സിപിഎം ലോക്കൽ കമ്മിറ്റി മെമ്പർ), നാസർ ബാബു സാമൂഹ്യ പ്രവർത്തകൻ എന്നിവരാണ് മന്ത്രിയെ കണ്ട സംഘത്തിൽ ഉണ്ടായിരുന്നത്.
അടിയന്തര പരിഗണനയ്ക്ക് ശുപാർശ ഇന്ന് നൽകിയ നിവേദനത്തിൽ കോഴിക്കോട് എം.പി. എം.കെ. രാഘവൻ, മലപ്പുറം എം.പി. ഇ.ടി. മുഹമ്മദ് ബഷീർ എന്നിവരുടെ കത്തുകൾ ഉൾപ്പെടെയുള്ള ഫയലുകളും ഉണ്ടായിരുന്നു. പാലം വിഷയത്തിൽ അടിയന്തര പരിഗണന നൽകാൻ ധനകാര്യ മന്ത്രിക്ക് പ്രത്യേകം രേഖപ്പെടുത്തിക്കൊടുക്കാമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉറപ്പുനൽകിയതായി ആക്ഷൻ കമ്മിറ്റി അംഗങ്ങൾ അറിയിച്ചു.
മണന്തലക്കടവ് പാലത്തിന് മുൻന്തിയ പരിഗണന നൽകുമെന്നും സാധ്യതകൾ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകിയതോടെ, കോഴിക്കോട്-മലപ്പുറം ജില്ലകളിലെ ജനങ്ങളുടെ ചിരകാലാഭിലാഷമായ പാലം യാഥാർത്ഥ്യമാവുമെന്ന പ്രതീക്ഷയിലാണ് ആക്ഷൻ കമ്മിറ്റിയും നാട്ടുകാരും.
പാലത്തിൻ്റെ തുടർ നടപടികൾക്കായി കാത്തിരിക്കുകയാണ് നാട്ടുകാർ




