കൊണ്ടോട്ടി: പാരിസ്ഥിതിക മാറ്റങ്ങളെ വിദ്യാര്‍ഥികള്‍ ഗൗരവമായി പഠിക്കണമെന്നും വരും നാളുകളെ മുന്നില്‍ കണ്ട് അവയോട് പ്രതികരിക്കന്‍ വിദ്യാര്‍ഥികള്‍ സന്നദ്ധമാകണമെന്നും കേരളാ നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍. കൊണ്ടോട്ടി ഇ.എം.ഇ.എ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന എസ്.എസ്.എല്‍.സി സമ്പൂര്‍ണ എപ്ലസുകാര്‍ക്കും എന്‍.എം.എം.എസ് ജേതാക്കള്‍ക്കുമുള്ള പ്രതിഭാദര ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ മാറ്റങ്ങളും അതിന്റെ മൂര്‍ധന്യാവസ്ഥയിലാണ് അനുഭവിക്കേണ്ടി വരുന്നത്. കടുത്ത ചൂടും മഴയും തണുപ്പും സംസ്ഥാനത്തെ അപകടകരമായ സാഹചര്യത്തിലേക്കാണ് കൊണ്ടെത്തിക്കുന്നത്. ഹരിത കേരളത്തെ രോഗാവസ്ഥയിലെത്തിച്ച ശീലക്കേടുകള്‍ക്കും അലംഭാവത്തിനുമെതിരെ ഉണര്‍ത്തുപാട്ടുയരാന്‍ ഇനിയും വൈകിക്കൂടാ. ജലസംരക്ഷണം മുതല്‍ മാലിന്യസംസ്‌കരണം വരെ മലയാളിയുടെ ജീവിതശൈലിയുടെ ഭാഗമാകണം. ആരോഗ്യ, വിദ്യാഭ്യാസ, മാനവശേഷി മേഖലകളിലെന്ന പോലെ പരിസ്ഥിതി രംഗത്തും പുതിയ കേരള മാതൃക സൃഷ്ടിക്കണമെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.ടി.വി ഇബ്രാഹിം എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഇ.എം.ഇ.എ ജനറല്‍ സെക്രട്ടറി പി.കെ ബഷീര്‍ എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി. ഇ.എം.ഇ.എ മാനേജര്‍ ബാലത്തില്‍ ബാപ്പു ഉപഹാര സമര്‍പ്പണം നടത്തി. പ്രിന്‍സിപ്പല്‍ കെ. ഷാം, പി.ടി.എ പ്രസിഡന്റ് പി,ഡി ഹനീഫ, വാര്‍ഡ് കൗണ്‍സിലര്‍ മുഹമ്മദ് ഖാലിദ്, വി.പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, സി.പി സുഹൈല്‍, ബഷീര്‍ മെച്ചേരി, രാജ്‌മോഹന്‍, എം.എ അബ്ദുല്‍ ഖാദര്‍, ഡോ. മുഹമ്മദ് കെ പാലത്ത്, എം.വി മുഹമ്മദ് ഹനീഫ, രോഹിണി ടീച്ചര്‍, പി.എ മുഹമ്മദ് ഷമീര്‍, അഷ്‌റഫ് മാടാന്‍ എന്നിവര്‍ പ്രസംഗിച്ചു.പടം. കൊണ്ടോട്ടി ഇ.എം.ഇ.എ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്രതിഭാദര ചടങ്ങ് നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യുന്നു.
പാരിസ്ഥിതിക മാറ്റങ്ങളെ വിദ്യാർത്ഥികൾ ഗൗരവമായി പഠിക്കണം:എ എൻ ഷംഷീർ ;കൊണ്ടോട്ടി ഇ എം ഇ എ ഹയർസെക്കൻഡറി പ്രതിഭകളെ ആദരിച്ചു




