പുളിക്കൽ പഞ്ചായത്തിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടി ‘പൂവിളി 2025’ മുട്ടയൂർ സ്കൂളിൽ വെച്ചു നടന്നു. പകൽ വീട്,അങ്കണവാടികൾ,ബഡ്‌സ് സ്കൂൾ,ഹരിത കർമ്മ സേന,തൊഴിലുറപ്പ് തുടങ്ങി വിവിധ ഘടക സ്ഥാപനങ്ങളുമായി യോജിച്ചായിരുന്നു ഓണാഘോഷ പരിപാടി സംഘടിപ്പിച്ചത്.
പഞ്ചായത്ത് പരിസരത്തു നിന്നും ആരംഭിച്ച ഓണാഘോഷയാത്രയോട് കൂടി പരിപാടിക്ക് തുടക്കം കുറിച്ചു. തുടർന്ന് മുട്ടയൂർ സ്കൂളിൽ വെച്ചു നടന്ന ഉൽഘാടന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണം സമ്മാനിക്കുന്നത് മലയാളിക്ക് ആഘോഷത്തിന്റെ നല്ല നാളുകളെയാണെന്നും ഈ കൂട്ടായ്മയും സാഹോദര്യവും മതേതരത്വവും കാത്തു സൂക്ഷിക്കേണ്ടത് മലയാളികളായ നമ്മുടെ ഓരോരുത്തരുടെയും കടമയാണെന്നും ഓർമിപ്പിച്ചു.

തുടർന്ന് വിവിധ തരത്തിലുള്ള കലാപരിപാടികൾ അരങ്ങേറി. ബഡ്‌സ് സ്കൂൾ കുട്ടികളുടെ ഒപ്പനയും,വിവിധ വാർഡുകളിൽ നിന്നും പങ്കെടുത്ത കലാകാരന്മാരുടെയും കലാകാരികളുടെയും നൃത്തങ്ങളും ഓണപ്പാട്ടുകളും പരിപാടിക്ക് കൊഴുപ്പേകി. ഹരിതകർമസേന അംഗങ്ങളുടെ തിരുവാതിരയും പഞ്ചായത്തിലെ വനിതാ ഉദ്യോഗസ്ഥരുടെ തിരുവാതിരയും നല്ല അനുഭവമായിരുന്നു. കുട്ടികളുടെയും മുതിർന്നവരുടെയും കസേരക്കളിയും അരങ്ങേറി. പരിപാടിയിൽ പങ്കെടുത്തവർക്കെല്ലാം സമ്മാനങ്ങളും നൽകി.
ഉച്ചയോട് കൂടി വിഭവ സമൃദ്ധമായ സദ്യയും വിളമ്പി. പഞ്ചായത്തിന്‍റെ വിവധ ഭാഗങ്ങളിൽ നിന്നുള്ള വയോജനങ്ങൾ ,ബഡ്‌സ് വിദ്യാർത്ഥികളും ജീവനക്കാരും,അങ്കണവാടി വർക്കർമാരും ഹെൽപ്പർമാരും,ഹരിതകർമ്മസേനക്കാർ,തൊഴിലുറപ്പ് തൊഴിലാളികൾ,പഞ്ചായത്തിന്റെ ഘടക സ്ഥാപനങ്ങളിലെ ജീവനക്കാർ ,ആസൂത്രണ സമിതി അംഗങ്ങൾ, വിവിധ വാർഡ് മെമ്പർമാർ,പഞ്ചായത്ത് ജീവനക്കാർ, നാട്ടുകാർ തുടങ്ങി 400-ഓളം പേർ സദ്യയിൽ പങ്കെടുത്തു.
വൈസ് പ്രസിഡന്റ് ബേബി രജനി, സെക്രട്ടറി വിനോദ് കുമാർ, സ്ഥിരം സമിതി അധ്യക്ഷന്മാരായ സിദ്ധീഖ് കോന്തേടൻ, കെ. ടി സുഹ്‌റ ചേലാട്ട്,മെമ്പർ പി എൻ അഷ്‌റഫ് , ഹമീദ് മാസ്റ്റർ,പകൽ വീട് കെയർ ടേക്കർ സാജിത മൂഴിയൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.




