23.8 C
Kerala
Thursday, April 30, 2026

പതിവ് മുടക്കാതെ തന്ത്രി; ഓണക്കാഴ്ചകളുമായി, ഉണ്ണി നമ്പൂതിരിയുടെ സംഘം പാണക്കാട്ടെത്തി

Must read

മലപ്പുറം :പാണക്കാട് കുടുംബത്തിന്റെയും മലപ്പുറത്തിന്റെയും സൗഹൃദത്തിൻ്റെയും സാഹോദര്യത്തിന്റെയും നല്ല വർത്തമാനങ്ങൾ വീണ്ടും വാർത്തയാവുകയാണ്. ഉത്സവങ്ങളും ആഘോഷങ്ങളും ഒരു മനസ്സോടെ കൊണ്ടാടുന്ന ഓണ വിശേഷങ്ങൾ ആണ് ഇത്തവണ മലപ്പുറത്തിന് പറയാനുള്ളത്. ഇന്ന് കുറെ നാളുകളായി സമൃദ്ധിയുടെ ഓണക്കാലത്ത് പതിവു തെറ്റാത്ത ഒരു ആചാരമുണ്ട്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് ഓണക്കാഴ്ചകളുമായി ഒരു സുഹൃദ് സംഘമെത്തും. പരശുരാമനാൽ അനുഗ്രഹീതമായ തന്ത്രി ബ്രഹ്മശ്രീ തെക്കിനിയേടത്ത് തരണനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടാണ് പതിവ് തെറ്റിക്കാതെ അദ്ദേഹത്തിൻറെ പ്രതിനിധികളെ പാണക്കാട്ടൊക്കെ അയക്കുന്നത്. ഓണക്കോടിയും ശർക്കരവരട്ടിയും പായസവും വൃക്ഷത്തൈകളും ഉണ്ണിയപ്പവുമായി തന്ത്രി അയച്ച സംഘം ഇത്തവണയും ഓണത്തലേന്ന് പാണക്കാട്ടെത്തി ഓണസന്ദേശം കൈമാറി. കഴിഞ്ഞതവണ സമാധാനത്തിന്റെ ഒലിവുമരം ആയിരുന്നു തന്ത്രി കൊടുത്തയച്ചതെങ്കിൽ ഇത്തവണ സന്തോഷദായകമായചന്ദന തൈയ്യാണ്. കേരളത്തിൻറെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിന് തങ്ങൾ വഹിച്ച പങ്കിനെ കുറിച്ച് തന്ത്രിയുടെ ആശംസാ സന്ദേശത്തിൽ പ്രത്യേകം പ്രകീർത്തിക്കുന്നുണ്ട്.

തെക്കിനിയേടത്ത് തരണനല്ലൂർ തന്ത്രി കുടുംബാംഗമായ ഉണ്ണി നമ്പൂതിരിക്ക് കേരളത്തിൽ ആയിരക്കണക്കിന് ക്ഷേത്രങ്ങളുടെ താന്ത്രികാവകാശമുണ്ട്. നാടെങ്ങും മാനവ സൗഹൃദത്തിന്റെ പുതുചരിത്രം നെയ്‌തെടുക്കാൻ അദ്ദേഹത്തിന്റെ താന്ത്രിക നേതൃത്വത്തിന് കഴിഞ്ഞിരുന്നു. കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ തന്ത്രിയുടെ നേതൃത്വത്തിൽനടന്ന ക്ഷേത്ര നവീകരണത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കും പാണക്കാട് കുടുംബവും പി.കെ. കുഞ്ഞാലിക്കുട്ടി, പി.വി. അബ്ദുൾ വഹാബ്, കെ.പി. സുലൈമാൻ ഹാജി, കൈരളി ടിവി ഡയറക്ടർ വി.കെ.എം. അഷ്‌റഫ് തുടങ്ങിയ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പിന്തുണ നൽകിയിരുന്നു. ക്ഷേത്ര നവീകരണ ചടങ്ങുകളിൽ തന്ത്രിക്കൊപ്പം തങ്ങൾ ഉൾപ്പെടെയുള്ള ആത്മീയ നേതാക്കൾ പങ്കെടുക്കുകയും ചെയ്തിരുന്നു. ശിവദാസൻ കിഴക്കേ പാട്ട്, ശശിരാജൻ പനയങ്ങാട്, ഗോപിനാഥൻ മാസ്റ്റർ, ചന്ദ്രൻ പുല്ലുത്തൊടി എന്നിവരാണ് തന്ത്രിയുടെ പ്രതിനിധികളായി ഓണസമ്മാനവുമായി പാണക്കാട് എത്തിയത്

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article