പുളിക്കൽ : പുളിക്കൽ എൽ പി സ്കൂളിന് വീണ്ടും അവാർഡ് തിളക്കം. കർഷക ദിനത്തിനോടാനുബന്ധിച്ചു സംസ്ഥാന കൃഷി വകുപ്പ് ഏർപ്പെടുത്തിയ മികച്ച കാർഷിക വിദ്യാലയങ്ങൾക്കുള്ള പുരസ്‌ക്കാരത്തിൽ രണ്ടാം സ്ഥാനം നേടികൊണ്ടാണ് വിദ്യാലയം മികവ് കാട്ടിയത്.25000/- രൂപയും പ്രശസ്തി പത്രവും ചിങ്ങം 1 കർഷക ദിനത്തിൽ തൃശൂർ തേക്കിൻക്കാട് മൈതാനത്ത് വച്ച് നടക്കുന്ന ചടങ്ങിൽ ബഹു. കേരള മുഖ്യമന്ത്രി ശ്രി. പിണറായി വിജയനിൽ നിന്നും ഏറ്റുവാങ്ങി.

കഴിഞ്ഞ വർഷം ‘നാഷണൽ ക്ലീൻ കേരള കോൺക്ലെവിൽ വിദ്യാലയം മൂന്നാം സ്ഥാനം നേടിയിരുന്നു. മികച്ച രീതിയിൽ അടുക്കളത്തോട്ടമൊരുക്കി, പരിപാലിച്ച്, സംരക്ഷിച്ചുപോന്നതിനാണ് വിദ്യാലയത്തെ അവാർഡിന് അർഹമാക്കിയത്.നെൽകൃഷി, കോഴിക്കൃഷി, കൂൺ കൃഷി, അക്ക്വാപോണിക്സ്, പൂകൃഷി തുടങ്ങിയവയെല്ലാം വിദ്യാലയം ഇതിനോടകം ഏറ്റെടുത്ത് വിജയിപ്പിച്ചുകഴിഞ്ഞു. മുരിങ്ങ, പപ്പായ, തക്കാളി, വെണ്ട, വഴുതിന, മുളക്, ചേന, ചേമ്പ്, പൊതിന, ക്യാബേജ്, കോളിഫ്ലവർ, ചീര, മത്തൻ, കുമ്പളം, വെള്ളരി, ചക്ക, മാങ്ങ എന്നിവയെല്ലാം വിദ്യാലയത്തിലെ അടുക്കളതോട്ടത്തെ സമ്പന്നമാക്കുന്നു. ജൈവ മാലിന്യ സംസ്‌കരണത്തിലെ നൂതന രീതികളും അതുപയോഗിച്ചുള്ള കൃഷിയുമാണ് കഴിഞ്ഞ വർഷം ക്ലീൻ കേരള കോൺക്ലേവിൽ വിദ്യാലയത്തെ അവാർഡിന് അർഹമാക്കിയത്.2022 മുതൽ സി. ബൈജു മാഷാണ് പ്രധാനാധ്യാപക പദവിയിൽ തുടരുന്നത്.ശ്രി. നുസ്റുദ്ധീൻ എറിയാട്ടാണ് നിലവിലെ പി ടി എ പ്രസിഡന്റ്.




