പുളിക്കൽ: വായനയിലൂടെയും പൊതുസമ്പർക്കത്തിലൂടെയും സിദ്ധിക്കുന്ന സാമൂഹിക ബോധവും, അഭിരുചിയും അത്യുത്സാഹവും ഒന്നുചേരുന്ന സമർപ്പിത ചിന്തയുമാണ് മികവാർന്ന വിജയത്തിൻ്റെ നിദാനമെന്ന് പശ്ചിമബംഗാൾ ആരോഗ്യ വകുപ്പ് ഡയറക്ടർ ഉനൈസ് റിഷിൻ ഇസ്മായിൽ ഐ.എ.എസ് പ്രസ്താവിച്ചു.
പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജ് എക്സലൻസ് ക്ലബ് ലോഞ്ചിങ്ങും സർട്ടിഫിക്കറ്റ് കോഴ്സുകളുടെ ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. താൽക്കാലിക പ്രലോഭനങ്ങൾക്ക് വശംവദരായി കരിയർ തെരഞ്ഞെടുക്കുന്നതിനു പകരം സമഗ്രമായ വിലയിരുത്തലിനും വിദഗ്ധരുമായുള്ള കൂടിയാലോചനക്കും ശേഷം മാത്രം ഗൗരവതരമായ തീരുമാനങ്ങൾ കൈക്കൊള്ളുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിജയത്തിലേക്കുള്ള വഴി അത്ര എളുപ്പമല്ല. ആ വഴി മനസ്സിലാക്കാനും അതിലൂടെ ആത്മവിശ്വാസത്തോടെ നീങ്ങാനും കഴിവുള്ള തലമുറയാണ് സമൂഹത്തിനു വേണ്ടത്. സമയത്തിന്റെ മൂല്യം മനസ്സിലാക്കാതെ താൽക്കാലിക പ്രലോഭനങ്ങൾക്ക് അടിമകളായി ജീവിക്കുന്നവർക്ക് ലക്ഷ്യത്തിലെത്താനാവില്ല. കരിയർ തെരഞ്ഞെടുക്കുന്നതിൽ വ്യക്തമായ ദിശാബോധവും ദീർഘദൃഷ്ടിയോടെയുള്ള സമീപനവും അനിവാര്യമാണ് – അദ്ദേഹം കൂട്ടിച്ചേർത്തു.

കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ബഷീർ മാഞ്ചേരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഈ അധ്യയന വർഷം 15 സർട്ടിഫിക്കറ്റ് കോഴ്സുകളാണ് വിദ്യാർഥികൾക്കായി കോളേജ് ഓഫർ ചെയ്യുന്നത്. കോളേജ് റിസർച്ച് സെൻ്റർ കോർഡിനേറ്റർ ഡോ. സാബിർ നവാസ് സി എം ആമുഖ ഭാഷണം നിർവഹിച്ചു. വൈസ് പ്രിൻസിപ്പലും അറബിക് വിഭാഗം മേധാവിയുമായ ഡോക്ടർ മുനീർ മദനി മുഖ്യ പ്രഭാഷണം നിർവഹിച്ചു. ഐ.ക്യു.എ.സി. കോർഡിനേറ്റർ ഡോ. മുഹമ്മദ് ബഷീർ സി കെ സർട്ടിഫിക്കറ്റ് കോഴ്സുകൾ സംബന്ധമായ വിശദീകരണം നടത്തി. ഡോ. നിഷാദലി വി, ഡോ. സൈഫുദ്ദീൻ ബഷീർ, റഹീബ് ടി സംബന്ധിച്ചു.




