കൊണ്ടോട്ടി/പുളിക്കൽ: പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജ് രക്ഷിതാക്കൾക്കും കോളേജിന്റെ അയൽ പ്രദേശങ്ങളിലെ മുതിർന്നവർക്കും വേണ്ടി ഈ അധ്യയന വർഷം നടപ്പിലാക്കുന്ന നൂതന പദ്ധതിയായ *അഹ്ലൻ വ സഹ്ലൻ* അറബി കോഴ്സിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് രാവിലെ 11 മണിക്ക് ടി വി ഇബ്രാഹിം എംഎൽഎ നിർവഹിക്കും. കോളേജ് ഐ ക്യു എ സിയുടെ മേൽനോട്ടത്തിൽ അറബിക് വിഭാഗം വിഭാവനം ചെയ്ത ആറുമാസം നീണ്ടു നിൽക്കുന്ന 30 മണിക്കൂർ കോഴ്സ് ഓൺലൈൻ-ഓൺലൈൻ ഹൈബ്രിഡ് മോഡിലാണ് നടക്കുക. യു എൻ അംഗീകരിച്ച വിശ്വഭാഷയായ അറബിയെ ജനകീയമാക്കുക, താഴെ തട്ടിൽ എത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെ സംവിധാനിച്ച ഈ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് അംഗീകൃത സാക്ഷ്യപത്രങ്ങളും ഉന്നത വിജയികൾക്ക് പാരിതോഷികങ്ങളും വർഷാവസാനം നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. എം.സി.സി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ പ്രിൻസിപ്പൽ പ്രൊഫ. ഡോ. ബഷീർ മാഞ്ചേരി അധ്യക്ഷത വഹിക്കും. കോഴ്സ് കോർഡിനേറ്റർ ഡോ. സഫീന എ. കെ, വൈസ് പ്രിൻസിപ്പലും അറബിക് വിഭാഗം മേധാവിയുമായ ഡോ. മുനീർ മദനി, റിസർച്ച് സെൻറർ കോർഡിനേറ്റർ ഡോ. സാബിർ നവാസ് സി.എം, ഐ.ക്യു.എ.സി കോർഡിനേറ്റർ ഡോ. മുഹമ്മദ് ബഷീർ സി കെ, ഡോ. മുഹ്തസിം ബില്ല ടി.പി, ഡോ. നിഷാദലി വി, മുഹ്സിന പി.വി, ഫർസാന കെ, സഈദ പി, അഫ്സൽ മാഹീൻ, ഹഫ്സത്ത് ഉടുമ്പ്ര, അഫ്സൽ എം ടി പ്രസംഗിക്കും.




