കൊണ്ടോട്ടി : വിഭിന്നശേഷിയുള്ളവരെ സ്വയംപര്യാപ്തതയിലേക്കും സമൂഹത്തിന്റെ മുഖ്യധാരയിലേക്കും കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ ഇ.എം.ഇ.എ. ഹയർ സെക്കൻഡറി സ്കൂൾ, അമൽ ഇൻസ്പെയേഴ്സ്, ഡിവിഷൻ കൗൺസിലർ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പാക്കുന്ന ‘ചിറകുകൾ’ പദ്ധതിയുടെ ഭാഗമായി ‘ഹൃദയം പൂർവ്വം’ കരുതൽ പദ്ധതിക്ക് തുടക്കമായി.

സ്കൂൾ ഉൾപ്പെടുന്ന പ്രദേശത്തെ കൂടുതൽ പരിഗണനയും പിന്തുണയും ആവശ്യമുള്ളവരെ കണ്ടെത്തി ആവശ്യമായ സഹായങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ‘തനിച്ചല്ല, ഒപ്പമുണ്ട്’ എന്ന സന്ദേശവുമായി ഭക്ഷ്യകിറ്റ്, മരുന്ന് വിതരണം, ചികിത്സാ സഹായം, സഹായ ഉപകരണങ്ങൾ, പഠനോപകരണങ്ങൾ എന്നിവ പദ്ധതിയിലൂടെ ലഭ്യമാക്കും.
കുടുംബശ്രീയുടെ സഹകരണത്തോടെ വിഭിന്നശേഷിയുള്ളവർക്കായി സ്വയംസഹായ സംഘങ്ങൾ രൂപീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ്. ഒപ്പം ആവശ്യമായ ഘട്ടങ്ങളിൽ മെഡിക്കൽ ക്യാമ്പുകളും വിദഗ്ധ സേവനങ്ങളും പദ്ധതിയിലൂടെ ഏകോപിപ്പിക്കുന്നു.
ഇ.എം.ഇ.എ. മാനേജർ ബാലത്തിൽ ബാപ്പു പദ്ധതി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് രോഹിണി കെ.എസ്. അധ്യക്ഷത വഹിച്ചു. ചിറക് അധ്യാപക കോർഡിനേറ്റർ കെ.എം. ഇസ്മായിൽ മാസ്റ്റർ ആമുഖ പ്രഭാഷണം നടത്തി.അമൽ ഇഖ്ബാൽ, വിദ്യാർഥി കോർഡിനേറ്റർ മാളവിക എ. സ്വാഗതവും മുഹമ്മദ് ഷഹീൽ കെ.പി. പദ്ധതി വിശദീകരണവും നടത്തി.
ഡിവിഷൻ കൗൺസിലർ ഫൗസിയ ഇഖ്ബാൽ, കൗൺസിലർ വി.കെ. ഖാലിദ്, സ്റ്റാഫ് സെക്രട്ടറി സയ്യിദ് സമാൻ, എസ്.എം.സി. കോർഡിനേറ്റർ ബഷീർ മേച്ചേരി, വസീ അഹ്‌സൻ എന്നിവർ സംസാരിച്ചു.
വിദ്യാർഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സാമൂഹിക പ്രവർത്തകരുടെയും കൂട്ടായ പങ്കാളിത്തത്തോടെ ഭിന്നശേഷി സൗഹൃദ പുനരധിവാസ ഗ്രാമമെന്ന ആശയം യാഥാർഥ്യമാക്കുകയാണ് ചിറകുകളുടെ ദീർഘകാല ലക്ഷ്യമെന്ന് പദ്ധതി കോർഡിനേറ്റർ അമൽ ഇഖ്ബാൽ. പറഞ്ഞു.




