വാഴക്കാട്: മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, ഷിഗല്ല തുടങ്ങിയ പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ വാഴക്കാട് ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി എടവണ്ണപ്പാറയിലെ വിവിധ ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, കൂൾബാറുകൾ എന്നിവിടങ്ങളിൽ വ്യാപക പരിശോധന നടത്തി.

ഭക്ഷ്യസുരക്ഷ, ശുചിത്വം, മാലിന്യ സംസ്കരണം, കുടിവെള്ളത്തിന്റെ ഗുണനിലവാരം തുടങ്ങിയ കാര്യങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കി. പരിശോധനയിൽ അപാകതകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും അടിയന്തരമായി ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ നോട്ടീസ് നൽകുകയും ചെയ്തു. ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും പരിശോധനകൾ ശക്തമായി തുടരുമെന്ന് അധികൃതർ അറിയിച്ചു.
പരിശോധനയ്ക്ക് പഞ്ചായത്ത് സെക്രട്ടറി ജിജി ബി, ഹെഡ് ക്ലർക്ക് സൈദ് അക്ബർ ബാദ്ഷാ ഖാൻ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ഡാനിഷ് വി, ഫാമിലി ഹെൽത്ത് സെന്റർ ഹെൽത്ത് ഇൻസ്പെക്ടർ ഷാജു ഡി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അഭിജിത്ത് ബി അശോക്, ക്ലർക്ക് ജിതിൻ സി എന്നിവർ നേതൃത്വം നൽകി.




