പുളിക്കൽ:ചെറുമിറ്റം പിടിഎംഎ എം.യു.പി സ്കൂളിലെ പ്രീ–പ്രൈമറി വിദ്യാർത്ഥികളുടെ പ്രകൃതി നടത്തം ശ്രദ്ധേയമായി. ഹരിതസമൃദ്ധമായ പുതിയോടത്ത്പറമ്പിലെ പാടങ്ങളും തോടും മനോഹരമായ പ്രകൃതി കാഴ്ചകളും കുഞ്ഞുങ്ങൾക്ക് പുതുമയാർന്ന അനുഭവമായി.
പ്രകൃതി സൗന്ദര്യം നേരിട്ട് കണ്ടറിഞ്ഞും ആസ്വദിച്ചും നടത്തിയ ഈ യാത്ര കുട്ടികളിൽ വലിയ ആവേശവും സന്തോഷവും സൃഷ്ടിച്ചു. പ്രീ–പ്രൈമറി വിഭാഗം ഡിപ്പാർട്ട്മെന്റ് ഹെഡ് ശ്രീമതി ശ്രീലക്ഷ്മി ടീച്ചറുടെയും ഫിദ ടീച്ചറുടെയും നേതൃത്വത്തിലായിരുന്നു പരിപാടി.അധ്യാപികമാരായ നസീമ ടീച്ചർ, സൈഫുന്നീസ ടീച്ചർ, ഷംന ടീച്ചർ, അസ്മ എന്നിവർ യാത്രയിൽ കുഞ്ഞുങ്ങൾക്ക് വഴികാട്ടികളായി. ഇതോടൊപ്പം കുട്ടികൾക്കായി അധ്യാപികമാരുടെ പ്രത്യേക ബിരിയാണിയും ഒരുക്കിയിരുന്നു.
പുത്തൻ തലമുറയിലെ ഇളം ബാല്യങ്ങൾ പ്രകൃതിരമണീയമായ കാഴ്ചകൾ കണ്ടും അനുഭവിച്ചും ഏറെ സന്തോഷത്തോടെ സമയം ചെലവഴിച്ചു. തിരക്കേറിയ ജീവിതത്തിനിടയിൽ ഓരോ മനുഷ്യനും പ്രകൃതിയെ തൊട്ടറിഞ്ഞ് ഇത്തരമൊരു നിമിഷം കണ്ടെത്തണം എന്ന സന്ദേശമാണ് ഈ യാത്ര മുന്നോട്ട് വെച്ചത്.




