വാഴക്കാട്: ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി വാഴക്കാട് ഗ്രാമപഞ്ചായത്ത് ഓഗസ്റ്റ് 14 നു വ്യാഴാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് വാഴക്കാട് മുതൽ എടവണ്ണപ്പാറ വരെ ‘പ്രതിരോധ മതിൽ’ സംഘടിപ്പിക്കുന്നു .വിദ്യാർത്ഥികൾ, അധ്യാപകർ, കലാ-കായിക-സാംസ്കാരിക-രാഷ്ട്രീയ സംഘടനാ പ്രതിനിധികൾ , കുടുംബശ്രീ അയൽകൂട്ടങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ആരോഗ്യ പ്രവർത്തകർ, അംഗനവാടി ജീവനക്കാർ, തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ പ്രതിരോധ മതിലിൽ പങ്കെടുക്കും.

പരിപാടിയുടെ വിജയത്തിനായി പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വിപുലമായ സംഘാടക സമിതി യോഗം ചേർന്നു. ‘പ്രതിരോധ മതിൽ’ സംഘാടനത്തിന്റെ ജനകീയത വിളിച്ചോതുന്ന രീതിയിൽ നിറഞ്ഞ പങ്കാളിത്തം യോഗത്തിനുണ്ടായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം.കെ. നൗഷാദ് അധ്യക്ഷത വഹിച്ച യോഗത്തിൽ, ജാഗ്രതാ സമിതി കൺവീനർ ഡോ. എ.കെ. അബ്ദുൽ ഗഫൂർ സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡണ്ട് ഷമീന സലീം, ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി അംഗങ്ങളായ ആയിഷ മാരാത്ത്, സി.കെ. റഷീദ്, മുൻ പ്രസിഡണ്ട് സി.വി. സക്കറിയ്യ, ഭരണസമിതി അംഗങ്ങൾ, പോലീസ്, എക്സൈസ്, ഹെൽത്ത് ഉദ്യോഗസ്ഥർ, വിവിധ കക്ഷി രാഷ്ട്രീയ-സന്നദ്ധ സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.




