24.8 C
Kerala
Thursday, April 30, 2026

ചെന്നീരി നഗർ ഹാർബർ ക്വാറി റോഡ് കയ്യേറ്റം ഒഴിപ്പിക്കൽ ആരംഭിച്ചു, പൊതു മുതൽ തിരിച്ചുപിടിച്ചു

Must read

പുളിക്കൽ : പഞ്ചായത്തിലെ വാർഡ് 16 ലെ ചെന്നീരി നഗർ ഹാർബർ ക്വാറി റോഡ് കയ്യേറ്റം ഒഴിപ്പിക്കൽ നടപടികൾ പോലീസ് സഹായത്തോടെ നടന്നു. 90 % കയ്യേറ്റവും ഒഴിപ്പിച്ചു. തുടർന്നുള്ള ഒഴിപ്പിക്കൽ നടപടികൾ വരും ദിവസങ്ങളിൽ കൂടുതൽ പോലീസ് സേനയുടെ സാനിധ്യത്തിൽ നടത്തും.

ഏകദേശം 40 ലധികം വർഷങ്ങൾക്ക് മുൻപ് റോഡുണ്ടായിരുന്നെന്ന് പ്രദേശവാസികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് നടപടികൾ സ്വീകരിക്കുകയും 2024 ൽ ഭൂ രേഖ തഹസിൽദാരുടെ നേതൃത്വത്തിൽ റവന്യൂ അധികൃതർ സർവ്വെ നടത്തി കയ്യേറ്റം ആണെന്ന് കണ്ടെത്തി സർവ്വേ കല്ല് സ്ഥാപിച്ചു അടയാളപ്പെടുത്തുകയും ചെയ്തിരുന്നു .തുടർന്ന് പഞ്ചായത്ത് ചെന്നീരി നഗർ ഹാർബർ ക്വാറി റോഡ് കയ്യേറിയ ഒമ്പതോളം പേർക്ക് കയ്യേറ്റം സ്വമേധയാ ഒഴിയാൻ നോട്ടീസ് നൽകിയിരുന്നതിൽ രണ്ടു പേർ മാത്രമെ സ്ഥലം വിട്ടു തരാൻ തയ്യാറായിരുന്നുള്ളൂ. ഇതിനിടയിൽ ഒരു പ്രദേശവാസി ഹൈക്കോടതിയെ സമീപിച്ച് സർവ്വെ നടപടികൾ ത്വരിതഗതിയിലാക്കാൻ അനുകൂല വിധി സമ്പാദിക്കുകയുണ്ടായി. റോഡ് കയ്യേറിയ ഒരു വ്യക്തി പഞ്ചായത്തിൻ്റെ നടപടികൾ നിർത്തിവെപ്പിക്കാൻ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി നേടിയെടുക്കാനായില്ല.തുടർന്നാണ് പഞ്ചായത്ത് കയ്യേറ്റം ഒഴിപ്പിക്കൽ നടപടികൾ വേഗത്തിലാക്കിയത്.

റോഡ് നിലവിൽ വരുന്നതോടെ പട്ടികജാതിക്കാരടക്കം നിരവധി വീട്ടുകാർക്ക് പ്രയോജനം ലഭിക്കും.അങ്കണവാടി കുട്ടികൾ, കിടപ്പു രോഗികൾ,വയോജനങ്ങൾ തുടങ്ങി നിരവധി പേർക്ക് ഈ റോഡ് ഉപകാരപ്രദമാകും.രാവിലെ 11 മണിക്ക് ആരംഭിച്ച ഒഴിപ്പിക്കൽ നടപടികൾ വൈകീട്ട് 6 മണിയോടെ നിർത്തിവെച്ചു.കൊണ്ടോട്ടി സി ഐ യുടെ നേതൃത്വത്തിൽ വനിതാ പോലീസടക്കം വൻ പോലീസ് സന്നാഹം തന്നെ ഒഴിപ്പിക്കൽ നടപടികൾക്ക് സുരക്ഷ നൽകാനെത്തിയിരുന്നു.പഞ്ചായത്ത് സെക്രട്ടറി വിനോദ് കുമാർ ഓലശ്ശേരി അടക്കമുള്ള പഞ്ചായത്ത് ഉദ്യോഗസ്ഥരും ഒഴിപ്പിക്കൽ നടപടികൾക്ക് നേതൃത്വം കൊടുത്തു.

കയ്യേറ്റം ഒഴിപ്പിച്ച് പൊതുമുതൽ സംരക്ഷിക്കുകയെന്നതാണ് ഈ ഭരണ സമിതിയുടെ പ്രഖ്യാപിത നയം. ഇച്ഛാശക്തിയോടെ കാര്യങ്ങൾ ചെയ്യാൻ തീരുമാനിച്ചാൽ ഒരു പ്രതിസന്ധിയും തടസ്സമാവില്ല. അത് ഇനിയും തുടരുക തന്നെ ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. മുഹമ്മദ് മാസ്റ്റർ പറഞ്ഞു

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article