വാഴക്കാട്: കേരള സർക്കാർ ഫിഷറീസ് വകുപ്പ് ദേശീയ മത്സ്യ ദിനാചരണത്തിന്റെ ഭാഗമായി കൊണ്ടോട്ടി ബ്ലോക്കിലെ മത്സ്യകർഷക സംഗമവും കർഷകരെ ആദരിക്കൽ ചടങ്ങും വാഴക്കാട് വെച്ച് സംഘടിപ്പിച്ചു. മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി നടത്തിയത്.
പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം കൊണ്ടോട്ടി ബ്ലോക്ക് പ്രസിഡന്റ് ബിന്ദു നിർവഹിച്ചു. കൊണ്ടോട്ടി ബ്ലോക്ക് പരിധിയിലെ വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം.കെ. നൗഷാദ് ചടങ്ങിൽ അധ്യക്ഷനായിരുന്നു. വാഴക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷമീന സലീം, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. റഫീഖ് അഫ്സൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ മാരാത്ത്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ. റഷീദ്, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആദം ചെറുവട്ടൂർ എന്നിവർ ആശംസകൾ അർപ്പിച്ചു.
മികച്ച കർഷകരായി തിരഞ്ഞെടുക്കപ്പെട്ട വാഴക്കാട് പഞ്ചായത്തിലെ അബ്ദുറഹിമാൻ യുകെ, വാഴയൂർ പഞ്ചായത്തിലെ മൻസൂർ, കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിലെ ബാലചന്ദ്രൻ, പള്ളിക്കൽ പഞ്ചായത്തിലെ അബ്ദുറഹിമാൻ എന്നിവർ ചടങ്ങിൽ വെച്ച് അവാർഡുകൾ ഏറ്റുവാങ്ങി. വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള മത്സ്യകർഷകരുടെ സജീവമായ പങ്കാളിത്തം ശ്രദ്ധേയമായി.
ഡിപ്പാർട്ട്‌മെന്റിന്റെ വിവിധ പദ്ധതികളെക്കുറിച്ച് പരപ്പനങ്ങാടി മത്സ്യഭവൻ എക്സ്റ്റൻഷൻ ഓഫീസർ ഇബ്രാഹിം കുട്ടി ക്ലാസെടുത്തു. വാഴയൂർ പഞ്ചായത്ത് പ്രൊമോട്ടർ റോജ പി.കെ. നന്ദി പ്രകാശിപ്പിച്ചു. പെരുവള്ളൂർ പ്രൊമോട്ടർ അഷ്റഫ് ഉൾപ്പെടെ 45-ഓളം കർഷകർ പരിപാടിയിൽ പങ്കെടുത്തു.
ദേശീയ മത്സ്യകർഷക ദിനം സമുചിതമായി ആചരിച്ചു.




