വാഴക്കാട്: വാഴക്കാട് ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂളിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി വർണ്ണാഭമായ പ്രവേശനോത്സവം സംഘടിപ്പിച്ചു. കുടുംബശ്രീയുടെ നേതൃത്വത്തിൽ നടന്ന പരിപാടി പുതിയ അധ്യയന വർഷത്തിലേക്ക് സന്തോഷത്തോടെ കടന്നുപോകാൻ വിദ്യാർത്ഥികൾക്ക് വലിയ പ്രചോദനമായി.
പ്രവേശനോത്സവത്തിന് മുന്നോടിയായി കുടുംബശ്രീ ബാലസഭ, പിടിഎ കമ്മിറ്റി, നാട്ടുകാരുടെയും നേതൃത്വത്തിൽ വർണ്ണബലൂണുകളും മറ്റ് അലങ്കാരങ്ങളും ഉപയോഗിച്ച് സ്കൂൾ മനോഹരമായി അലങ്കരിച്ചിരുന്നു.
കണ്ണത്തുംപാറ അങ്ങാടിയിൽ നിന്ന് ആരംഭിച്ച വർണ്ണാഭമായ ഘോഷയാത്രയോടെയാണ് പ്രവേശനോത്സവ പരിപാടികൾക്ക് തുടക്കമായത്. കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും ആവേശത്തോടെ ഘോഷയാത്രയിൽ പങ്കെടുത്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് എം.കെ. നൗഷാദ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷമീന സലീം അധ്യക്ഷത വഹിച്ചു. വാഴക്കാട് സി.ഡി.എസ്. ചെയർപേഴ്സൺ ഷറഫുന്നീസ സ്വാഗതം ആശംസിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി.കെ. റഫീഖ് അഫ്സൽ, ആയിഷ മാരാത്ത്, സി.കെ. റഷീദ്, മെമ്പർമാരായ മലയിൽ അബ്ദുറഹ്മാൻ മാസ്റ്റർ, സി.പി. ബഷീർ മാസ്റ്റർ, തറമ്മൽ അയ്യപ്പൻ കുട്ടി, കെ.പി. മൂസ കുട്ടി, പി.ടി. വസന്ത കുമാരി, ഷെരീഫ ചിങ്ങംകുളത്തിൽ, സരോജിനി ഓട്ടുപാറ, കുടുംബശ്രീ റിസോഴ്സ്പേഴ്സൺ കെ.എം. ജമീല, ബഡ്സ് സ്കൂൾ പി.ടി.എ. പ്രസിഡന്റ് ടി. നാസർ ബാബു, ടീച്ചർ നിഷിദ വി പി,കരീം എളമരം എന്നിവർ ആശംസകൾ നേർന്നു. ആയ ബിന്ദുAC, ഡ്രൈവർ അലിക്കുട്ടി, ലത, എന്നിവ നേതൃത്വം നൽകി
കുടുംബശ്രീയുടെ വകയായി കേക്ക്, ചിക്കൻ ബിരിയാണി തുടങ്ങിയവ ഒരുക്കിയപ്പോൾ പിടിഎയുടെ വക പായസവും ഉൾപ്പെടെയുള്ള രുചിയൂറും വിഭവങ്ങളും നാട്ടുകാരുടെ വക ശൃംഗാരി മേളയും കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ഒരുക്കിയിരുന്നു. കൂടാതെ, ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ എല്ലാ വിദ്യാർത്ഥികൾക്കും കുടകളും സമ്മാനമായി നൽകി.




