വാഴക്കാട് : വാഴക്കാട് ഗവ. ഹയർ സെക്കണ്ടറി സ്കൂളിന്റെ 1998 എസ്.എസ്.എൽ.സി ബാച്ച് അംഗങ്ങൾ, ലിവർ സിറോസിസ് ബാധിച്ച സഹപാഠി ബിജുമോന്റെ ചികിത്സ ചിലവിനായി സമാഹരിച്ച ₹2,00,950 (രണ്ട് ലക്ഷം തൊള്ളായിരത്തി അമ്പത് രൂപ) ചികിത്സ സഹായ കമ്മിറ്റിക്ക് കൈമാറി.
തടസ്സങ്ങളെ മുൻനിർത്തി ഒരുമിച്ച് പ്രവർത്തിച്ച സഹപാഠികളുടെ മാനവിക മൂല്യങ്ങളുടെ തെളിവായിരുന്നു ഈ ഉദാത്ത നീക്കം. വാഴക്കാട് സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിന് ‘ഓർമ്മകളിൽ 98’ ബാച്ച് കമ്മിറ്റി കൺവീനർ റഹ്മാൻ സ്വാഗതം പറഞ്ഞു. ചെയർമാൻ മുസ്തഫ വഴക്കാട് അധ്യക്ഷത വഹിച്ചു. സംഘാടക ഭാരവാഹികളായ മുഷ്‌താഖ് ബാബു, ഗഫൂർ, മഷ്‌റൂഖ്, നജീബ്, ഷാനിയ, റാഫി, സുലൈമാൻ, റഷീദ് എന്നിവർ യോഗത്തിൽ സംസാരിച്ചു.
ചടങ്ങിൽ, ബിജു ചികിത്സ സഹായ സമിതിയുടെ കൺവീനർ റസാഖ് മാസ്റ്റർ, ചെയർമാൻ ശ്രീകാന്ത്, ട്രഷറർ ബീരാൻ ആക്കോട് എന്നിവർ ഫണ്ട് സ്വീകരിച്ച് ആശംസകൾ നേർന്നു. വാഴക്കാട് ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകൻ വിജയൻ മാഷ് മുഖ്യാതിഥിയായിരുന്നു. അനിൽകുമാർ നന്ദി രേഖപ്പെടുത്തി.
“സഹപാഠിയോടൊപ്പം അടിയന്തര വേളയിൽ കൈകോർത്ത് നിൽക്കാനായത് എല്ലാവർക്കും അഭിമാനകരമായ അനുഭവമായിരുന്നു,” സംഘാടകർ പറഞ്ഞു.




