പുളിക്കൽ : പുളിക്കൽ പഞ്ചായത്തിലെ വാർഡ് 16 ലെ ചെന്നീരി നഗർ ഹാർബർ ക്വാറി റോഡ് കയ്യേറ്റം ഒഴിപ്പിക്കൽ നടപടികൾ കഴിഞ്ഞ ആഗസ്ത് 2 ന് തുടങ്ങിയിരുന്നു. പകുതിയിലേറെ കയ്യേറ്റവും അന്ന് തന്നെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ചെന്നീരി അങ്കണവാടി ഭാഗത്തെ ഒഴിപ്പിക്കൽ നടപടികൾ കയ്യേറ്റക്കാരുടെ രൂക്ഷമായ എതിർപ്പിനെ തുടർന്ന് നിർത്തിവെച്ചിരുന്നു. ആ ബാക്കി വന്ന ഭാഗം കൂടി കൂടുതൽ പോലീസ് സേനയുടെ സഹായത്തോടെ ഒഴിപ്പിച്ചു.
2022ൽ ചെന്നീരി നിവാസികൾ പുളിക്കൽ പഞ്ചായത്തിൽ 40 ൽ പരം ആളുകൾ ഒപ്പിട്ട ഒരു നിവേദനം നൽകി. ചെന്നീരി ഹരിജൻ നഗർ റോഡ് പട്ടിക ജാതി വകുപ്പിന്റെ റിക്കാർഡുകളിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അത് സർവ്വേ ചെയ്തു കണ്ടുപിടിച്ചു ഗതാഗത യോഗ്യമാക്കി തരണമെന്നുമായിരുന്നു നിവേദത്തിനത്തിലെ ആവശ്യം. പഞ്ചായത്ത് അധികൃതർ റവന്യൂ അധികാരികൾക്ക് പരാതി കൈമാറി. രേഖകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ വില്ലേജ് റിപ്പോർട്ട് പ്രകാരം പത്തോളം പേർ റോഡ് കയ്യേറിയിട്ടുണ്ടെന്നും 4.5 മുതൽ 7.5 മീറ്റർ വരെ വീതിയുള്ള റോഡ് FMB പ്രകാരവും BTR പ്രകാരവും ഉണ്ടെന്നും ഭൂ സ്ഥിതി പഞ്ചായത്ത് റോഡ് ആണെന്നും റിപ്പോർട്ട് ചെയ്തു. ആയത് പ്രകാരം സർവ്വേ നടത്തി റോഡിന്റെ അതിർത്തി നിർണയിച്ചു തരണമെന്നും പഞ്ചായത്തിന്റെ ഭാഗത്തു നിന്ന് താലൂക്ക് സർവേയർക്ക് അപേക്ഷ നൽകി.

സർവ്വേ കയ്യേറ്റക്കാരുടെ എതിർപ്പിനെ തുടർന്ന് നിരവധി തവണ തടസ്സപ്പെട്ടു. തുടർന്ന് പ്രദേശവാസികൾ ബഹു.ഹൈക്കോടതിയെ സമീപിക്കുകയും ഒരു മാസത്തിനുള്ളിൽ സർവ്വേ നടത്തി സ്കെച്ച് അടക്കം ബഹു.ഹൈക്കോടതിയിൽ റിപ്പോർട്ട് ചെയ്യണമെന്നും ഉത്തരവിടുകയുണ്ടായി. തുടർന്ന് കൂടുതൽ പോലീസ് സേനയുടെ സഹായത്തോടെ ഭൂ രേഖ തഹസിൽദാരുടെ നേതൃത്വത്തിൽ റവന്യൂ അധികൃതർ സർവ്വേ നടത്തി റോഡിൻറെ അതിർത്തികളിൽ സർവ്വേ കല്ല് സ്ഥാപിക്കുകയും ചെയ്തു. തുടർന്ന് പഞ്ചായത്ത് രാജ് നിയമത്തിൽ പറയുന്ന രീതിയിൽ കയ്യേറ്റം ഒഴിയാനായി എതിർ കക്ഷികൾക്ക് പലതവണ നോട്ടീസുകൾ നൽകുകയും ചെയ്തു. ഇതിനെതിരെ അവർ ബഹു. മഞ്ചേരി മുൻസിഫ് കോടതിയിലും പിന്നീട് ബഹു.ഹൈക്കോടതിയിലും ഹർജികൾ ഫയൽ ചെയ്‌തെങ്കിലും രണ്ടു കോടതികളും ഹർജി തള്ളുകയാണുണ്ടായത്. 07-10-2025 നു ബഹു.ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിൽ ഹർജിക്കാർ പറയുന്ന സർവ്വേ നമ്പറിലെ ഭൂമിയല്ല പഞ്ചായത്ത് തിരിച്ചു പിടിക്കുന്നതെന്നും സർവ്വേ നടത്തി കല്ല് നാട്ടിയ സർവ്വേ നമ്പറിലുള്ള ഭൂമിയാണ് തിരിച്ചുപിടിക്കുന്നതെന്നും ഇത് ഹർജിക്കാരുടെ ഭൂമിയല്ലെന്നും ഉത്തരവിടുകയുണ്ടായി. തുടർന്നാണ് കൂടുതൽ പോലീസ് സേനയുടെ സഹായത്തോടെ കയ്യേറ്റം പൂർണമായിട്ടും ഒഴിപ്പിച്ചത്. അതിലൂടെ 7.5 സെന്റ് പൊതു ഭൂമി പഞ്ചായത്തിന്റെ ആസ്തിയിൽ ഉൾപ്പെടുത്താനും സാധിച്ചു. പുളിക്കൽ പഞ്ചായത്തിന്റെ ഈ വർഷത്തെ വാർഷിക പദ്ധതിയിൽ 4 ലക്ഷം ഈ റോഡ് പ്രവർത്തിക്കായി വകയിരുത്തിയിട്ടുണ്ട്. ഇരുപതോളം കുടുംബങ്ങൾക്ക് വഴി മുടങ്ങിയ അവസ്ഥയ്ക്ക് ഇതോടുകൂടി പരിഹാരമാകുകയും ചെയ്തു.
വൻ പോലീസ് സന്നാഹം തന്നെ ഒഴിപ്പിക്കൽ നടപടികൾക്ക് സുരക്ഷ നൽകാനെത്തിയിരുന്നു. പഞ്ചായത്ത് സെക്രട്ടറി വിനോദ് കുമാർ ഓലശ്ശേരി, അസിസ്റ്റന്റ് സെക്രട്ടറി രമേശ് ടി പി അടക്കമുള്ള പഞ്ചായത്ത് ഉദ്യോഗസ്ഥരും വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥരും ഒഴിപ്പിക്കൽ നടപടികൾക്ക് നേതൃത്വം കൊടുത്തു.
കയ്യേറ്റം ഒഴിപ്പിച്ച് പൊതുമുതൽ സംരക്ഷിക്കുകയെന്നതാണ് ഈ ഭരണ സമിതിയുടെ പ്രഖ്യാപിത നയം. ഇച്ഛാശക്തിയോടെ കാര്യങ്ങൾ ചെയ്യാൻ തീരുമാനിച്ചാൽ ഒരു പ്രതിസന്ധിയും തടസ്സമാവില്ല. അത് ഇനിയും തുടരുക തന്നെ ചെയ്യുമെന്ന് പുളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ മുഹമ്മദ് മാസ്റ്റർ പറഞ്ഞൂ




