വാഴക്കാട്: കാലവർഷക്കെടുതിയിൽ നാശനഷ്ടം സംഭവിച്ചവർക്ക് ആശ്വാസമേകാൻ വാഴക്കാട് ഗ്രാമപഞ്ചായത്തിന്റെ ചരിത്രപരമായ തീരുമാനം. പഞ്ചായത്തിന്റെ ചരിത്രത്തിലാദ്യമായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന്റെ ദുരിതാശ്വാസ നിധിയിൽ നിന്നും നേരിട്ട് ധനസഹായം നൽകുമെന്ന് പ്രസിഡണ്ട് അഡ്വ.എം.കെ നൗഷാദ് അറിയിച്ചു.
കാലവർഷക്കെടുതിയിൽ വീടുകൾ, കിണറുകൾ, ചുറ്റുമതിലുകൾ എന്നിവയ്ക്ക് നാശനഷ്ടം സംഭവിച്ചവർക്കാണ് ഈ പ്രത്യേക ധനസഹായത്തിന് അർഹത. സാധാരണഗതിയിൽ ഇത്തരം നാശനഷ്ടങ്ങൾക്ക് മറ്റ് സർക്കാർ ഫണ്ടുകളിൽ നിന്നാണ് സഹായം അനുവദിക്കാറ്. എന്നാൽ പലപ്പോഴും യഥാസമയം ഇത് ലഭിക്കാറില്ല, ഇത്തവണ അടിയന്തര പ്രാധാന്യം കണക്കിലെടുത്തും ദുരിതബാധിതർക്ക് വേഗത്തിൽ ആശ്വാസം എത്തിക്കുന്നതിനുമായി പ്രസിഡന്റിന്റെ ദുരിതാശ്വാസ നിധി വിനിയോഗിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഈ സഹായധനത്തിന് അർഹരായവർ 2025 ജൂൺ മാസം ഒന്നാം തീയതിക്ക് മുമ്പായി വാഴക്കാട് ഗ്രാമപഞ്ചായത്ത് ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം നാശനഷ്ടം വ്യക്തമാക്കുന്ന രേഖകളും ഹാജരാക്കണം. കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന പഞ്ചായത്തിലെ ജനങ്ങൾക്ക് ഈ തീരുമാനം വലിയ ആശ്വാസമാകുമെന്നും, അർഹരായ എല്ലാവരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും പ്രസിഡണ്ട് അഡ്വ.എം.കെ നൗഷാദ് അഭ്യർത്ഥിച്ചു.