എടവണ്ണപാറ : എടവണ്ണപ്പാറ റശീദിയ്യ അറബിക് കോളേജിൽ പുതിയ അധ്യയന വർഷത്തെ വാഫി വിദ്യാർത്ഥികൾക്കായി നവാഗത സംഗമം സംഘടിപ്പിച്ചു. കോളേജ് അങ്കണത്തിൽ നടന്ന പരിപാടി മത, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. റശീദിയ്യ: ജനറൽ സെക്രട്ടറി പി. എ. ജബ്ബാർ ഹാജിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന്റെ ഉദ്ഘാടന കർമ്മം SYS മലപ്പുറം ഈസ്റ്റ് ജില്ലാ വൈസ് പ്രസിഡണ്ടും സ്ഥാപന വർക്കിംഗ് പ്രസിഡണ്ടുമായ സയ്യിദ് ബി.എസ് കെ തങ്ങൾ എടവണ്ണപ്പാറ നിർവഹിച്ചു. വിദ്യാഭ്യാസത്തിലൂടെ സാമൂഹികവും സാംസ്കാരികവുമായ പുരോഗതി കൈവരിക്കേണ്ടതിന്റെ പ്രാധാന്യം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു.
സ്ഥാപന വർക്കിംഗ് സെക്രട്ടറി ചെറിയാപ്പു ഹാജി വെട്ടത്തൂർ സ്വാഗതവും, കോളേജ് വൈസ് പ്രിൻസിപ്പാൾ ഇസഹാഖ് വാഫി ചോക്കാട് ആമുഖ ഭാഷണവും നടത്തി. സ്ഥാപനത്തിൻ്റെ അക്കാദമിക പ്രവർത്തനങ്ങളെയും ലക്ഷ്യങ്ങളെയും കുറിച്ച് വിശദീകരിച്ചു. പരിപാടിയിലെ മുഖ്യപ്രഭാഷണം ഹൈദർ അലി വാഫി ഇരിങ്ങാട്ടിരി നിർവഹിച്ചു. നവാഗതരായ വിദ്യാർത്ഥികൾക്ക് പഠനത്തിലും ജീവിതത്തിലും മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതായിരുന്നു അദ്ദേഹത്തിൻ്റെ പ്രഭാഷണം.
ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങളായ ഗഫൂർ ഹാജി ചെറിയപറമ്പ്, ഷൗക്കത്തലി ഹാജി അടൂരപ്പറമ്പ്, മുഹമ്മദലി ഹാജി കൊളമ്പലം, പുളിയേക്കൽ അബൂബക്കർ,ഇമ്പിച്ചി മോദി മാസ്റ്റർ പള്ളിപ്പടി എന്നിവർ ആശംസകൾ അർപ്പിച്ചു. അബ്ദുൽ കരീം വാഫി കോട്ടക്കൽ, നിംഷാദ് റഹ്മാനി ഇരിങ്ങാട്ടിരി, ഷഫീർ വാഫി ഒതുക്കുങ്ങൽ, അബ്ദുറഷീദ് ദാരിമി ആക്കോട് തുടങ്ങിയവർ സംസാരിച്ചു. വിവിധ സെഷനുകളിലായി നടന്ന സംഗമം വിദ്യാർത്ഥികൾക്ക് പുതിയ ദിശാബോധം നൽകുന്നതായിരുന്നു. പരിപാടികൾക്ക് ശേഷം ഇമ്പിച്ചി മോദി മാസ്റ്റർ പള്ളിപ്പടി നന്ദി രേഖപ്പെടുത്തി.