കൊണ്ടോട്ടി: ഒളവട്ടൂർ എച്ച് ഐ ഒ ഹയർസെക്കണ്ടറി സ്കൂൾ ഈ വർഷത്തെ പ്ലസ് ടു പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടി അഭിമാന നേട്ടം കൈവരിച്ചു.രണ്ടാം തവണയാണ് സ്കൂൾ ഹയർസെക്കണ്ടറി പരീക്ഷയിൽ സമ്പൂർണ്ണ വിജയം കൈവരിക്കുന്നത്.ഈ വർഷം ആകെ പരീക്ഷയെഴുതിയ 130 വിദ്യാർത്ഥികളും ഉപരിപഠനത്തിന് അർഹത നേടിയാണ് സ്‌കൂളിനെ അഭിമാന നേട്ടത്തിലേക്ക് നയിച്ചത്.
ഇത്തവണ സംസ്ഥാനത്ത് 25 പൊതുവിദ്യാലയങ്ങളാണ് സമ്പൂർണ്ണ വിജയം കൈവരിച്ചത്.
മലപ്പുറം ജില്ലയിൽ നിന്നും ആറ് പൊതുവിദ്യാലയങ്ങളാണ് സമ്പൂർണ്ണ വിജയം നേടിയ സ്‌കൂളുകളുടെ പട്ടികയിൽ ഇടം നേടിയത്.കൊണ്ടോട്ടി സബ്ജില്ലയിൽ സമ്പൂർണ്ണ വിജയം കൈവരിച്ച ഏക പൊതുവിദ്യാലയമെന്ന നേട്ടവും സ്കൂൾ സ്വന്തമാക്കി.
സ്കൂളിലെ സയൻസ് ബാച്ച് ഇത് തുടർച്ചയായ മൂന്നാം തവണയാണ് സമ്പൂർണ്ണ വിജയം കൈവരിക്കുന്നത്.28വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയപ്പോൾ എട്ട് വിദ്യാർത്ഥികൾ അഞ്ച് വിഷയങ്ങളിൽ എ പ്ലസ് നേടി.
മലപ്പുറം ജില്ലാ പഞ്ചായത്ത് നടപ്പിൽ വരുത്തുന്ന വിജയഭേരി പദ്ധതിയുടെ ഭാഗമായി പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് നടത്തുന്ന പ്രത്യേക പരിശീലനമാണ് സ്‌കൂളിനെ സമ്പൂർണ്ണ വിജയത്തിലേക്ക് നയിച്ചത്.